ദേശീയപാത 66 വികസനം; കാസർകോട് ജില്ലയിൽ നിർമ്മിക്കുക 4 മേൽപ്പാലങ്ങൾ

കാസർകോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഉണ്ടാകുന്നത് വലിയ മാറ്റങ്ങൾ. പ്രധാന ജംഗ്ക്ഷനുകളിൽ 4 പുതിയ മേൽപാലങ്ങളാണ് വരുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും നാടിന്റെ മുഖച്ഛായ തന്നെ മാറ്റാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാസർകോട് കറന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് സമീപം നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രം വരെ 1.20 കിലോമീറ്റർ ദൂരത്തിലാണ് മേൽപാലം നിർമ്മിക്കുന്നത്. ചെർക്കള, മാവുങ്കാൽപാണത്തൂർ റോഡ് ജംക്ഷൻ, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് മറ്റ് 3 പുതിയ മേൽപാലങ്ങൾ നിർമ്മിക്കുക.

ദേശീയ പാത നിർമ്മാണം പൂർത്തിയാകുന്നതോടെ നേരിട്ട് റോഡ് ക്രോസ് ചെയ്തും യു ടേൺ എടുത്തും വാഹനങ്ങൾക്ക് പോകുന്നതിനുള്ള സംവിധാനങ്ങൾ കുറയും. ഇതു പരിഹരിക്കാനാണ് അടിപ്പാതകൾ പണിയുന്നത്. 25 അടിപ്പാതകളാണ് ഇത്തരത്തിൽ കാസർകോട് ജില്ലയിൽ നിർമ്മിക്കുന്നത്. ശരാശരി 5 കിലോമീറ്റർ കഴിഞ്ഞാൽ വാഹനങ്ങൾക്ക് അടിപ്പാത വഴി ക്രോസിങ് ഉണ്ടാകും. സർവീസ് റോഡ് വഴി അടിപ്പാതയിൽ പ്രവേശിച്ച് മറുവശത്തേക്ക് കടക്കാവുന്ന രീതിയിലാണ് അടിപ്പാത നിർമ്മിക്കുന്നത്. നിലവിലുള്ള ദേശീയപാതയുടെ വളവും മറ്റ് അസൗകര്യങ്ങളും ഒഴിവാക്കുന്നതിനായി ഏതാനും സ്ഥലങ്ങളിൽ ഇപ്പോഴത്തേതിൽ നിന്നു ദിശ മാറിയാണ് നിർമ്മാണം നടത്തുന്നത്. ചെർക്കളയിൽ 1 കിലോമീറ്റർ ദൂരം റോഡ് ഇപ്പോഴത്തേതിൽ നിന്നു ദിശമാറും. തെക്കിൽ 800 മീറ്റർ ദൂരവും നിലവിലെ റൂട്ട് ദിശമാറും.

പെരിയയിൽ 400 മീറ്റർ ,കാഞ്ഞങ്ങാട് മൂലക്കണ്ടം 450 മീറ്റർ, നീലേശ്വരം 350 മീറ്റർ, മയ്യിച്ച 450 മീറ്റർ, ചെറുവത്തൂർ കൊവ്വലിൽ നിലവിലുള്ള വളവ് ഒഴിവാക്കി പടിഞ്ഞാറു നിന്നു മട്ട്‌ലായിയിലേക്ക് 1.8 കിലോമീറ്റർ, പിലിക്കോട് സ്‌കൂൾ പരിസരം കഴിഞ്ഞ് 700 മീറ്റർ ദൂരം തുടങ്ങിയവയാണ് ദേശീയപാത ദിശ മാറുന്ന ഭാഗങ്ങൾ.