കള്ളപ്പണ കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉള്‍പ്പെട്ട കള്ളപ്പണക്കേസില്‍ എന്‍സിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. 1993ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടിനെ സംബന്ധിച്ച് ഇന്ന് പുലര്‍ച്ചെ അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. സമന്‍സിനെ തുടര്‍ന്ന് രാവിലെ 7. 45 ഓടെ മാലിക് ഇഡി കാര്യാലയത്തില്‍ എത്തുകയായിരുന്നു.

അതേസമയം, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ ദുരൂഹത ആരോപിച്ച് നിരന്തരം ചോദ്യങ്ങളുന്നയിച്ച് മാലിക് നേരത്തെ രംഗത്ത് വന്നിരുന്നു. നാര്‍ക്കോട്ടിക് കംട്രോള്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്‍.സി.ബി മുംബൈ മേധാവിയായിരുന്ന സമീര്‍ വാങ്കഡെക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. മയക്കുമരുന്ന് കേസ് പ്രതിയോടപ്പം ഫഡ്‌നാവിസ് നില്‍ക്കുന്ന ഫോട്ടോയും നവാബ് മാലിക് പുറത്തു വിട്ടിരുന്നു.

എന്നാല്‍, 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ ആരോപിച്ചിരുന്നു. ‘അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ബിനാമിയായ സലീം പട്ടേല്‍, മുംബൈ സ്ഫോടനക്കേസിലെ പ്രതി ബാദുഷാ ഖാന്‍ എന്നിവരില്‍ നിന്ന് 2005 ല്‍ നവാബ് മാലിക് കുര്‍ളയില്‍ 2.8 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ഇത് സോളിഡസ് പ്രൈമറ്റ് ലിമിറ്റിഡിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് നവാബ് മാലിക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ്. ഇവിടെ നിന്ന് രാജിവെച്ച ശേഷമാണ് നവാബ് മാലിക് മന്ത്രിയാവുന്നത്’- ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. ഇതിന്റെയെല്ലാം രേഖകള്‍ അധികൃതര്‍ക്ക് കൈമാറുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനും വിവരങ്ങള്‍ നല്‍കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.