തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
‘രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ വികസന സൂചികകളില്‍ കേരളത്തിന്റെ ആരോഗ്യമേഖല മുന്നിലാണ്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതി നടപ്പിലാക്കി. ജനസുരക്ഷയുടെ ഭാഗമായി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 ആയി നിലനിര്‍ത്തണം. പുതിയ ഡാം വേണം. വ്യവസായങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളും. സംരംഭകരുടെ പ്രശ്നങ്ങള്‍ക്ക് സമയമബന്ധിതമായി പരിഹാരം കാണും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ആധുനികവത്കരിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കെ-റെയില്‍ പരിസ്ഥിതി സൗഹൃദമാണ്. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസങ്ങള്‍ സൃഷ്ടിക്കും. ഗതാഗത വേഗതയും സൗകര്യവും വര്‍ദ്ധിക്കും. പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നു’-ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് കെ ഫോണ്‍ ആദ്യ ഘട്ടം ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് ചികിത്സ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കും. ഭൂമിയില്ലാത്തവര്‍ക്ക് പട്ടയം നല്‍കും. കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൊക്കൊള്ളും. വിള ഇന്‍ഷുറന്‍സില്‍ മാറ്റം കൊണ്ടുവരും. പാല്‍ ഉത്പാദനത്തില്‍ സര്‍ക്കാര്‍ സ്വയംപര്യാപ്തത ലക്ഷ്യം വയ്ക്കും. അഴിമതിയോട് സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സഹായിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. ചെലവ് കൂടിയിട്ടും വിഹിതം കൂട്ടിയില്ല. കര്‍ഷക പ്രശ്നങ്ങള്‍ക്കും കേന്ദ്രം പരിഹാരം കാണണം. ഫെഡറലിസം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. സംസ്ഥാനങ്ങളുമായി പലതിലും കൂടിയാലോചനയില്ലെന്നും കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു.

