പോക്‌സോ കേസ് കെട്ടിച്ചമച്ചത്; നമ്പര്‍ 18 ഹോട്ടലില്‍ പീഡനം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് അഞ്ജലി റീമ ദേവ്‌

കോഴിക്കോട്: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി അഞ്ജലി റീമ ദേവ് പറഞ്ഞു. പരാതിക്കാരി മകളേയും കൂട്ടി സ്വമേധയാ പബ്ബിലെത്തിയതാണെന്നും ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും അഞ്ജലി റീമ ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കി.

അഞ്ജലിയുടെ വാക്കുകള്‍:

‘തന്റെ ജീവിതമാണ് ഇപ്പോള്‍ നശിപ്പിക്കപ്പെടുന്നത്. തന്റെ കമ്പനിയിലെ സ്റ്റാഫ് ആയിരുന്ന സ്ത്രീയാണ് തനിക്കെതിരേ ആരോപണമുന്നയിച്ചത്. ഓഫീസിലെ ചെക്ക് ലീഫുകള്‍ കാണാത്തതിനെ തുടര്‍ന്ന് അവരുമായി തര്‍ക്കമുണ്ടായിരുന്നു. തന്റെ ബിസിനസ് ക്ലയന്റ്‌സിനോട് ഇല്ലാത്തത് പലതും സംസാരിച്ച് തന്നെയും കമ്പനിയേയും തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവരെ പുറത്താക്കി. പണം കടം വാങ്ങിയതിന് പറഞ്ഞുറപ്പിച്ചതിലധികം പണവും പലിശയും വട്ടിപ്പലിശക്കാരിയായ ഈ സ്ത്രീ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ ഈ സ്ത്രീ ഭീഷണിപ്പെടുത്തി. ആറ് മാസമെങ്കിലും അകത്തു കിടക്കേണ്ട കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. ഇപ്പോള്‍ മൂന്ന് മാസത്തോളമായി എനിക്കെതിരെ ഭീഷണി തുടങ്ങിയിട്ട്. നിന്നെ ഞാന്‍ ഫെയ്മസ് ആക്കി തരാം എന്നൊക്കെയായിരുന്നു ഭീഷണി. കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്ക് പങ്കെടുക്കണമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് ആ സ്ത്രീ സ്വമേധയാ എത്തുകയായിരുന്നു. മകളും മറ്റ് പെണ്‍കുട്ടികളും കൂടെ ഉണ്ടായിരുന്നു. 38 വയസ്സുള്ള സ്ത്രീയാണ് അവര്‍, യൂട്യൂബും വ്‌ളോഗുമൊക്കെ ആയി ലോകപരിചയമുള്ള ഇവര്‍ പറയുന്നത് അര്‍ധരാത്രിയില്‍ നമ്പര്‍ 18 പോലെയൊരു ഹോട്ടല്‍ പബ്ബില്‍ മീറ്റിങ് ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പോയതാണെന്നാണ് പറയുന്നത്. എനിക്കെതിരേയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണ്.’

കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഹോട്ടലുടമ റോയ് ജെ വയലാട്ടിനും കോഴിക്കോട് സ്വദേശിനി അഞ്ജലി റിമ ദേവിനുമെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്.