കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസിന് സ്റ്റേ ഇല്ല. ഓർഡിനൻസ് സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.
നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വ്യക്തമാക്കി പൊതുപ്രവർത്തകനായ ആർ.എസ്.ശശികുമാറാണ് കോടതിയെ സമീപിച്ചത്.
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ഏതിർ കക്ഷികളാക്കിയുള്ള തന്റെ പരാതി ലോകയുക്തയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ തിരക്കിട്ട് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തതെന്ന് ഹർജിയിൽ പറയുന്നു.

