മഹാഗായിക…പാട്ടും ജീവിതവും

ഇന്ത്യന്‍ ജനതയെ ചരിത്രാതീത കാലം മുതലേ പാടി വിസ്മയിപ്പിച്ച ഗായികയാണ് ലതാ മങ്കേഷ്‌കര്‍. എഴുത്തുകാരന്‍ രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടിയ പോലെ സൂപ്പര്‍ലേറ്റീവ്‌സുകളുടെ പ്രിന്‍സസ് തന്നെയാണവര്‍. വാനമ്പാടിക്കും, ഗാനകോകിലത്തിനും, ഗന്ധര്‍വനുമെല്ലാം അപ്പുറം, ഇന്ത്യയുടെ എല്ലാമെല്ലാമായിരുന്ന വ്യക്തിയാണ് അവര്‍. എത്ര വിശേഷിപ്പിച്ചാലും, എന്തൊക്കെ വിശേഷിപ്പിച്ചാലും മതിവരാത്ത ശബ്ദ സൗന്ദര്യത്തിന്റെ ഉടമ. ഇന്ത്യയില്‍ മാത്രമല്ല ദേശത്തിനും ഭാഷക്കും അപ്പുറത്തായിരുന്നു ലതാജിയുടെ സംഗീതവും, ശബ്ദ മാധുര്യവും. 1942 മുതല്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ഭാഗമായിരുന്നു ലതാ മങ്കേഷ്‌കര്‍. മുന്‍ പാക് പ്രധാനമന്ത്രി സൂള്‍ഫിക്കര്‍ അലി ഭൂട്ടോ ലതയുടെ സംഗീതത്തിന് പകരം പാക്കിസ്ഥാന്‍ കൈമാറമെന്ന് പറഞ്ഞപ്പോള്‍ പാക്കിസ്ഥാനിലെ മതമൗലിക വാദികളാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാറ്റി പറയേണ്ടിയും വന്ന ഒരു സന്ദര്‍ഭമുണ്ടായിരുന്നു.

ദീനനാഥ് മങ്കേഷ്‌കറുടെ അഞ്ചുമക്കളില്‍ മൂത്തയാളായി 1929ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലാണ് ലതയുടെ ജനനം. അമ്മ ശുദ്ധമാതി. ലത മങ്കേഷ്‌കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു. ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ആശാ ഭോസ്ലേ, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. അഞ്ചാമത്തെ വയസ്സില്‍ തന്നെ ലത പിതാവിന്റെ സംഗീത നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് നാടകക്കമ്പനി പൊളിഞ്ഞു. നാട്ടില്‍ രണ്ടാംലോക മഹായുദ്ധത്തിന്റെ ക്ഷാമവും ഭീതിയും നിറഞ്ഞ കാലവുമായിരുന്നു അന്ന്. പിതാവ് മരിച്ചപ്പോള്‍ മൃതദേഹത്തിന് മുമ്പില്‍ പകച്ച് നിന്ന ഒരു ബാല്യം ലതാജിക്ക് ഉണ്ടായിരുന്നു.

പതിമൂന്നാം വയസ്സില്‍ ലത നാടകാഭിനയത്തിലേക്കും പിന്നണി സംഗീതത്തിലേക്കും കടന്നു. 1942ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ ‘നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി’ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാല്‍, ഇത് സിനിമയില്‍ നിന്ന് നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷം തന്നെ പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ‘നടാലി ചൈത്രാചി നവാലായി’ എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ ‘മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ’ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ്. മുഖര്‍ജി മടക്കി അയക്കുകയാണുണ്ടായത്. 1948ല്‍ ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീത സംവിധാനം ചെയ്ത ‘മേരാ ദില്‍ തോഡാ’ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.

15 ഭാഷകളിലായി നാല്‍പ്പതിനായിരത്തോളം സിനിമാഗാനങ്ങള്‍ അവര്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. ഹിന്ദി സിനിമാഗാന രംഗം, ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂര്‍ണമായും കീഴടക്കി. ദില്‍ തോ പാഗല്‍ ഹൈല്‍, ദില്‍ സേ, ഹം ആപ് കെ ഹൈന്‍ കോന്‍ എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും നമ്മള്‍ പാടി നടക്കാറുണ്ട്. ഏറ്റവും കൂടുതല്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ലതയുടെ സ്വരമാണ്, ലോകത്തിലെ ഏറ്റവും പക്വമായ ശബ്ദമെന്ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ എന്ന സംഘടന സമര്‍ത്ഥിക്കുന്നു.

ചെറുപ്പത്തിലെ പ്രണയ പരാജയമാണോ വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം എന്ന് ചോദിച്ചതിന് അവര്‍ ഒരു അഭിമുഖം പണ്ട് റദ്ദാക്കിയിരുന്നു. സംഗീതത്തെ ഭയഭക്തി ബഹുമാനത്തോടെ സമീപിക്കുന്ന ലതാജി റെക്കോഡിങ് സമയത്ത് ഒരിക്കലും ചെരുപ്പ് ഉപയോഗിക്കാറില്ലായിരുന്നു. സംഗീതത്തിന് പുറമെ ഫോട്ടോഗ്രഫിയായിരുന്നു ഇഷ്ടം. പാചകവും വായനയും വളരെ പ്രിയമായിരുന്നു. ക്രിക്കറ്റും ഫുട്ബോളും ടെന്നിസും ഇഷ്ടമായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ സംഗീത സംവിധായകര്‍ തൊട്ട് എ.ആര്‍ റഹ്മാന്‍ വരെയുള്ള പ്രഗല്‍ഭര്‍ക്കു വേണ്ടി പാടാന്‍ ലതാജിക്ക് കഴിഞ്ഞു. മലയാളത്തിലും ലത സാന്നിധ്യമറിയിച്ചു. കദളീ കണ്‍കദളി ചെങ്കദളീ പൂവേണോം…എന്ന ഒറ്റപ്പാട്ടുകൊണ്ട് മലയാളികളുടെ മനം ലതാജി കവര്‍ന്നു. ‘കടലിനക്കരെ പോണോരേ…’ എന്ന പാട്ടില്‍ ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിക്കാന്‍ യേശുദാസിന്റെ സഹായം സലില്‍ ദാ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നടന്നില്ല. പിന്നീടാണ് ‘കദളീ തെങ്കദളി …’ എന്ന പാട്ട് പാടി അനശ്വരമാക്കുന്നത്. സംഗീതം പോലെ ഒരിക്കലും നഷ്ടപ്പെടാത്ത ഒന്നില്‍ അവര്‍ ജീവിച്ചു തീര്‍ത്ത ദൈവീകമായ നിമിഷങ്ങളെ ഇന്ത്യന്‍ ജനത അവരുടെ ഹൃദയങ്ങളില്‍ എന്നും കെടാതെ സൂക്ഷിക്കും.