ഡിസിസി ഭാരവാഹികളുടെ സാധ്യതാ പട്ടിക നാളെ കൈമാറും; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഡി.സി.സി ഭാരവാഹികളുടെ സാധ്യതാ പട്ടിക കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ നാളെ പാര്‍ട്ടി നേതൃത്വത്തിന് കൈമാറും. ഡി.സി.സി പ്രസിഡന്റുമാരുമായും മുതിര്‍ന്ന നേതാക്കന്മാരുമായി ജനറല്‍ സെക്രട്ടറിമാരുടെ അവസാനവട്ട ചര്‍ച്ച ഇന്ന് നടക്കും. ഭാരവാഹികളും എക്‌സിക്യുട്ടീവ് അംഗങ്ങളുമടക്കം 51 പേരെയാകും 11 ഡി.സി.സികളില്‍ പരമാവധി ഉള്‍ക്കൊള്ളിക്കുക. എന്നാല്‍, ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ കുറവുണ്ടാകുമെന്നാണ് സൂചന ഓരോ ജില്ലയിലും 150 പേരുകള്‍ വരെ ലഭിച്ചിട്ടുണ്ട്.

ഈ മാസം പത്തിനകം കെപിസിസി പ്രഖ്യാപനം ഉണ്ടായേക്കും. വലിയ ജില്ലകളില്‍ ഡി.സി.സി ജനറല്‍സെക്രട്ടറിമാരായി പരമാവധി 15 പേരേ ഉണ്ടാകാവൂ എന്നാണ് നിര്‍ദ്ദേശം. ഇതില്‍ രണ്ടുപേര്‍ വനിതകളും രണ്ടുപേര്‍ പട്ടികജാതി-വര്‍ഗ പ്രതിനിധികളുമാകണം. യുവാക്കളുടെ ക്വാട്ടയില്‍ നാലുപേരെ ഉള്‍പ്പെടുത്തണം. പൊതുവിഭാഗത്തില്‍ ഏഴുപേര്‍. തിരുവനന്തപുരം പോലുള്ള ജില്ലകളിലാണ് തിരഞ്ഞെടുപ്പില്‍ പുന:സംഘടന വെല്ലുവിളി നേരിടുന്നത്. ജില്ലയിലെ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് പുറമേ കെ. മുരളീധരന്‍ എംപിയുടെ താല്‍പ്പര്യങ്ങളും കണക്കിലെടുത്തുള്ള പട്ടികയാവും തയ്യാറാക്കുക.

അതേസമയം, കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക അന്തിമമാക്കുന്നതു സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരുകയാണ്.