ലോകത്തിലെ ആദ്യത്തെ സൂചി രഹിത വാക്‌സിൻ; സൈക്കോവ് ഡി യുടെ വിതരണത്തിന് തുടക്കമായി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെയ്പ്പുമായി രാജ്യം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ കോവിഡ് വാക്സിനായ സൈക്കോവ് ഡി യുടെ വിതരണത്തിന് തുടക്കമായി.

മൂന്ന് ഡോസ് വാക്സിന്റെ ആദ്യ ബാച്ച് കമ്പനി കേന്ദ്ര സർക്കാരിന് വിതരണം ചെയ്തതായി അഹമ്മദാബാദിലെ സൈഡസ് വാക്സിൻ എക്സലൻസ് സെന്റർ അറിയിച്ചു. ലോകത്തിലെ ആദ്യത്ത സൂചി രഹിത വാക്സിനാണ് സൈക്കോവ് ഡി. ആദ്യ ബാച്ച് വാക്സിൻ കേന്ദ്രത്തിന് വിതരണം ചെയ്തതായും ഇനി വാക്‌സിൻ പൊതുവിപണിയിൽ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയ്ക്കുള്ളത്. ഓഗസ്റ്റ് 20 നാണ് സൈകോവ്- ഡി വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയത്. വിവിധ ഘട്ട പരീക്ഷണങ്ങൾ ഫലപ്രാപ്തി തെളിഞ്ഞതിന് ശേഷമാണ് അംഗീകാരം നൽകിയത്. ഡോസ് ഒന്നിന് 358 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ വാക്‌സിൻ വാങ്ങുന്നത്. 265 രൂപ വാക്സിനും 93 രൂപ ആപ്ലിക്കേറ്ററിനും ചെലവാകും. മൂന്ന് ഡോസുള്ള പ്രതിരോധ വാക്‌സിനാണ് സൈകോവ്-ഡി. ആദ്യ ഡോസിന് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. വീണ്ടും 28 ദിവസങ്ങൾക്ക് ശേഷം മൂന്നാമത്തെ ഡോസ് സ്വീകരിക്കണം.

12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കുത്തിവെക്കാൻ അനുമതി ലഭിച്ച ആദ്യത്തെ വാക്സിൻ കൂടിയാണ് സൈഡസ് കാഡിലയുടേത്.