കൊവിഡ് പ്രതിരോധത്തില്‍ ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളിലും ഇനിയും രോഗ വ്യാപനം ഉയരുമെന്നും, വാക്‌സിനേഷന്‍ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നും സംഘടന ഓര്‍മ്മിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നത് അപകടകരമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാനുളള ശേഷി ഒമിക്രോണിന് കൂടുതലാണ്. ഡെല്‍റ്റ പോലെ അത്ര മാരകമല്ലാത്തതാണ് ഒമിക്രോണ്‍ വകഭേദം. അതിനാല്‍ കിടത്തി ചികില്‍സ ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റര്‍ ചികില്‍സ നല്‍കേണ്ടവരിലെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു.
മൂന്നാം തരംഗത്തിനിടയിലാണ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നത്. ഒമിക്രോണ്‍ വ്യാപനം കൂടിയാല്‍ രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്‌സീനും ബൂസ്റ്റര്‍ ഡോസും നല്‍കി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

