കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിലെ ഫോൺ കൈമാറ്റ വിഷയത്തിലാണ് ദിലീപിന് തിരിച്ചടി നേരിട്ടത്. തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കണമെന്നാണ് കോടതി നിർദ്ദേശം. തെളിവുകൾ നൽകാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി അറിയിച്ചു. കേസിൽ ദിലീപിന്റെ വാദങ്ങൾ കോടതി തള്ളി. ദിലീപ് ഫോണുകൾ സ്വന്തം നിലയിൽ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ എവിഡൻസ് ആക്ട്, ഇൻഫർമേഷൻ ആക്ട് പ്രകാരം പ്രതിക്ക് ഫോണുകൾ സ്വന്തം നിലക്ക് പരിശോധിക്കാനുള്ള അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
മുദ്രവെച്ച കവറിൽ ആറ് ഫോണുകൾ ഹാജരാക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. വിവിധ കോടതി ഉത്തരവുകൾ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവിൽ സംതൃപ്തരല്ലെങ്കിൽ നിങ്ങൾ വേണമെങ്കിൽ സുപ്രീംകോടതിയിൽ പോകൂവെന്നും കോടതി ആവശ്യപ്പെട്ടു. നാല് ഫോണുകൾ എന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. എന്നാൽ മൂന്ന് ഫോണുകളാണ് ഉള്ളതെന്നും അതിൽ രണ്ട് ഫോണുകളാണ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ദിലീപ് തന്റെ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി ദിലീപ് കോടതിയെ അറിയിച്ചപ്പോൾ ആർക്കാണ് ഇത്തരത്തിൽ പരിശോധനക്ക് അയക്കാൻ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജൻസികൾക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലം തെളിവ് നിയമപ്രകാരം ഇതിന് സാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

