കടുത്ത വേനൽച്ചൂടിനെ അതിജീവിക്കാൻ ശരീരത്തെ തണുപ്പിക്കാനായി കുടിക്കാവുന്ന ഏറ്റവും മികച്ച പാനീയമാണ് സംഭാരം അഥവാ മോരുംവെള്ളം. നിരവധി ആരോഗ്യ ഗുണങ്ങൾ മോരും വെള്ളത്തിനുണ്ട്. ഇത് കുടിക്കുന്നതിലൂടെ ശരീരം പെട്ടെന്നു തണുക്കും. ദഹനം നടക്കാനും അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ശമിപ്പിയ്ക്കാനും മോകും വെള്ളം നല്ലതാണ്.
കാത്സ്യത്തിന്റെ ഉറവിടമാണ് സംഭാരം. ശരീരത്തിലെ കൊഴുപ്പ് അകറ്റാനും ഇത് സഹായിക്കും. പ്രോട്ടീൻ, വൈറ്റമിൻ ബി, പൊട്ടാസ്യം തുടങ്ങിയവയും സംഭാരത്തിലുണ്ട്. ക്ഷീണമകറ്റാനുള്ള കഴിവും സംഭാരത്തിനുണ്ട്.
എല്ലാദിവസവും മോര് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. എല്ലുകളുടെ ബലം കൂട്ടാനും സംഭാരം സഹായിക്കുന്നു. കൊഴുപ്പിന്റെ അംശം കുറവാണെന്നതാണ് മോരിന്റെ മറ്റൊരു പ്രത്യേകത. ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാനും, അണുബാധകൾ തടയാനും, കരൾ ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരത്തേക്കാൾ മികച്ച പാനീയം മറ്റൊന്നില്ലെന്നാണ് പറയപ്പെടുന്നത്.

