ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി. അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ 159 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. കർഹാലിൽ നിന്നാണ് അഖിലേഷ് മത്സരിക്കുന്നത്. അമ്മാവൻ ശിവ്പാൽ സിംഗ് യാദവ് ജവാന്ത് നഗറിൽ നിന്നും മത്സരിക്കും. വിവിധ കേസുകളിൽ പ്രതിയായി ജയിലിലുള്ള അസം ഖാനും മത്സരരംഗത്തുണ്ട്. രാംപൂരിലെ സ്ഥാനാർത്ഥിയാണ് അസംഖാൻ മത്സരിക്കുക.

അസംഖാൻറെ മകൻ അബ്ദുള്ള അസമും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. സുവാർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ജയിലിലായിരുന്ന അസംഖാന്റെ മകൻ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 നിയമസഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിച്ചേക്കില്ല എന്നായിരുന്നു നേരത്തെ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. യോഗി ആദിത്യനാഥ് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് അഖിലേഷ് യാദവും കളത്തിലിറങ്ങാൻ തീരുമാനിച്ചത്.