കൊച്ചി: നടൻ മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിയ്ക്ക് കോവിഡ് പോസിറ്റീവായത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇപ്പോൾ മമ്മൂട്ടി.
ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാൽ തനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവ് ആയി. ഒരു ചെറിയ പനി ഒഴിച്ചാൽ തനിക്ക് മറ്റു പ്രശ്‌നങ്ങളില്ല. ഉത്തരവാദപ്പെട്ടവരുടെ നിർദേശം അനുസരിച്ച് താൻ വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായി കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്‌ക് ധരിക്കുകയും പരമാവധി കരുതൽ സ്വീകരിക്കുകയും ചെയ്യണമെന്നും മമ്മൂട്ടി അഭ്യർത്ഥിച്ചു.
അതേസമയം ആര്‍ടിപിസിആര്‍ പരിശോധനയില്‍ ചിത്രീകരണ സ്ഥലത്തെ മറ്റ് അംഗങ്ങള്‍ക്കൊന്നും കോവിഡ് കണ്ടെത്താതിരുന്നതിനാല്‍ സിബിഐ 5 ചിത്രീകരണം നിര്‍ത്തിവെക്കില്ല.

