കരസേന ദിനം: പുതിയ ഫീല്‍ഡ് യൂണിഫോം ഔദ്യോഗികമായി പുറത്തിറക്കി രാജ്യം

ന്യൂഡല്‍ഹി: കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഔദ്യോഗികമായി പുറത്തിറക്കി രാജ്യം. രാവിലെ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെ 74-ാം കരസേന ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ശേഷം കരിയപ്പ പരേഡ് ഗ്രൗണ്ടിലായിരുന്നു പരേഡ്. ദില്ലി മേഖലാ ചീഫ് ഓഫ് സ്റ്റാഫ്, മേജര്‍ ജനറല്‍ അലോക് കാക്കര്‍ പരേഡിന് നേതൃത്വം നല്‍കി. കരസേനാ മേധാവി ജനറല്‍ എം. എം. നരവനെ സേന മെഡലുകളും വിതരണം ചെയ്തു.

ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത തുടരുകയാണ്. ഏത് വെല്ലുവിളികളും നേരിടാന്‍ സേന സജ്ജമാണെന്നും ആധുനികവല്‍ക്കരണവുമായി സൈന്യം മുന്നോട്ട് പോകുകയാണെനന്നും സന്ദേശത്തില്‍ ജനറല്‍ വ്യക്തമാക്കി.

പുതിയ ഫീല്‍ഡ് യൂണിഫോം അണിഞ്ഞ് പരേഡില്‍ പരാച്ച്യൂട്ട് റെജിമെന്റിലെ സൈനികരും പങ്കെടുത്തു. മണ്ണ്, ഒലിവ് അടക്കമുള്ള നിറങ്ങള്‍ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലൂടെ സമന്വയിപ്പിച്ചാണ് ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാവാത്ത വിധത്തിലുള്ള പുതിയ വസ്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. കരസേനയിലെ 13 ലക്ഷത്തോളം സൈനികരാണ് ഈ വര്‍ഷം മുതല്‍ പുതിയ ഫീല്‍ഡ് യൂണിഫോമിലേക്ക് മാറുന്നത്.