യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണെന്ന് കത്ത് നല്‍കി ഉഷ വിഭാഗം; കേരള കോണ്‍ഗ്രസ് ബിയില്‍ പോര് മുറുകുന്നു

കൊല്ലം: കേരള കോണ്‍ഗ്രസ് ബി ഔദ്യോഗിക വിഭാഗം പിളര്‍ന്നതിന് ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടില്ലെന്നും യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണെന്നും ഉഷാ മോഹന്‍ദാസ്. കൊല്ലം ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്ത ശേഷമാണ് ഉഷാ മോഹന്‍ദാസിന്റെ പ്രതികരണം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നേടിയെടുക്കാനുള്ള തന്ത്രമാണ് ജില്ലായോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുന്നോട്ടു പോകാനുള്ള നീക്കങ്ങള്‍.

എന്നാല്‍, ഉഷാ മോഹന്‍ദാസിന്റെ ഇത്തരം നീക്കങ്ങള്‍ സഹോദരന്‍ കെബി ഗണേഷ് കുമാറിന്റെ മന്ത്രി സാധ്യതകള്‍ക്ക് കൂടിയാണ് മങ്ങലേല്‍പ്പിക്കുന്നത്. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഗണേഷിനെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തുവെന്ന വാദം നിയമപരമായി ശരിയല്ലെന്നും സംസ്ഥാന കമ്മിറ്റിയാണ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഉഷാ മോഹന്‍ദാസിന്റെ വെളിപ്പെടുത്തല്‍.

യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണെന്ന് കാണിച്ച് ഇടതു മുന്നണിക്ക് കത്തു നല്‍കിയിരിക്കുകയാണ് ഉഷ വിഭാഗം. 12 ജില്ലാ കമ്മിറ്റികള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ആര്‍. ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്രത്തില്‍ ഗണേഷ് കുമാര്‍ കൃത്രിമം കാണിച്ചുവെന്ന സഹോദരിയുടെ പരാതിയാണ് കേരള കോണ്‍ഗ്രസ് ബിയിലെ കലാപത്തിലേക്ക് നയിച്ചത്.