ഐഎസ്ആർഒയുടെ തലപ്പത്തേക്ക് വീണ്ടും മലയാളി; ചെയർമാനായി ഡോ എസ്. സോമനാഥിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: ഐഎസ്ആർഒയുടെ ചെയർമാനായി ഡോ എസ്. സോമനാഥ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചെയർമാനായ ഡോ.കെ. ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. നിലവിൽ തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടറാണ് അദ്ദേഹം. എം ജി കെ മേനോൻ, കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ തുടങ്ങിയവരാണ് നേരത്തെ ഐ.എസ്. ആർ.ഒ മേധാവിയായിട്ടുള്ള മലയാളികൾ. കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞനെയാണ് ഐ.എസ്. ആർ.ഒ ചെയർമാനാക്കുക.

സീനിയോറിറ്റിയേക്കാൾ പ്രകടന മിടുക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനെ നിയമിക്കുന്നതിന് മാനദണ്ഡമാക്കുന്നത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും സോഫ്റ്റ് വെയർ വികസനത്തിലുമുള്ള മികവാണ് ഡോ. സോമനാഥിനെ ഐഎസ്ആർഒ ചെയർമാനായി തെരഞ്ഞെടുക്കാൻ കാരണം.