തിരുവനന്തപുരം: നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മൂന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലായും അഭിനയിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പതിഞ്ചാമത്തെ വയസ്സിൽ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. പന്ത്രണ്ട് വർഷം അദ്ദേഹം പട്ടാളത്തിൽ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമ മേഖലയിലെത്തിച്ചത്.
1954 ൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ടെലവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി, കാര്യസ്ഥൻ, നായരു പിടിച്ച പുലിവാൽ, ജ്ഞാനസുന്ദരി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

