‘തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മരണ പരിപാടികളില്‍ വിലപിച്ചിട്ട് കാര്യമില്ല’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍

കോഴിക്കോട്: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ പേര് നല്‍കാതിരുന്നത് യുഡിഎഫ് സര്‍ക്കാരാണെന്ന ആരോപണവുമായി കെ. മുരളീധരന്‍ എംപി. 2011 ല്‍ കേരളം ഭരിച്ചിരുന്ന യുഡിഎഫും അന്നത്തെ യുപിഎ സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മണ പരിപാടികളില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

കെ – റെയില്‍ എന്ന പത്ത് വര്‍ഷം കാലാവധിയുള്ള ഈ പദ്ധതി പൂര്‍ത്തിയാവുമ്പോഴേക്കും കേരളത്തില്‍ സിപിഎം ജീവിച്ചിരിക്കുമോ എന്ന് മുരളീധരന്‍ പരിഹസിച്ചു. സ്വന്തം പൊലീസിനെ ഗുണ്ടകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത പിണറായിയാണ് കെ. റെയില്‍ വിരുദ്ധ സമരക്കാരെ കൈയേറ്റം ചെയ്യുമെന്ന് വീമ്പിളക്കുന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കെ-റെയില്‍ അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണെന്നും, കെ – റെയില്‍ പ്രായോഗികമല്ലെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതാണെന്നും മുരളീധരന്‍ വ്യക്തമാക്കി. തരൂര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.