കോൺഗ്രസിന് ബിജെപിയ്ക്ക് ബദലാകാൻ കഴിയില്ല; പ്രാദേശിക സഖ്യങ്ങൾ ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി

മലപ്പുറം: കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ബിജെപിയ്ക്ക് ബദലാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആഹ്വാനം ബിജെപിയുടെ ബി ടീമാകാനാണെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയെ രാഷട്രീയമായി നേരിടാൻ പ്രാദേശിക സഖ്യങ്ങൾ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ ഇനി വികസനം നടക്കാൻ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷം. ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ട്. യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. യുഡിഎഫും ബിജെപിയും വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ഓരോ ചെറിയ വിഷയങ്ങളിലും വർഗീയത കലർത്തുകയാണ് ഇവർ ചെയ്യുന്നത്. യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ ബുദ്ധിമുട്ടുന്നു. ഇതിന് കുറുക്കു വഴിയായി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ ആ പാർട്ടിയിലെ സമാധാന കാംക്ഷികളായവർ രംഗത്ത് വരണം. നാടിനാവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.