മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി; ഇലക്ട്രോണിക്സ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ 7 ലക്ഷം കോടി രൂപയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ രാജ്യത്തിന്റെ വളർച്ച കുതിക്കുന്നു. അടുത്ത വർഷം രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ 30 ശതമാനം വളർന്ന് 7 ലക്ഷം കോടി രൂപയാകുമെന്നാണ് റിപ്പോർട്ട്. തദ്ദേശീയവത്കരണം വൻ വിജയമാണെന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന വിവരം. ഇലക്ട്രോണിക് ഉപകരണ നിർമാണ മേഖലയിൽ കൂടുതൽ കരുത്താർജിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യം വെ്ക്കുന്നത്. വെയറബിൾസ്, ഐടി ഹാർഡ്‌വെയർ എന്നിവയ്ക്ക് പ്രാധാന്യം നൽകാനും ഇന്ത്യ ലക്ഷ്യമിടുന്നു.

18 ശതമാനമാണ് നിലവിൽ പ്രാദേശിക നിർമാണ യൂണിറ്റുകളിൽ നിന്നുള്ള വരുമാന വർധനവ്. ഇത് അടുത്ത വർഷം 25 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ മൊത്തം ഇലക്ട്രോണിക്സ് നിർമാണം അടുത്ത വർഷം 30 ശതമാനം വളർന്ന് 6.9 കോടി രൂപയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇലക്ട്രോണിക് മേഖലയ്ക്കു വേണ്ട ഘടകഭാഗങ്ങളിൽ ചിപ്പ് നിർമാണത്തിന് കൂടുതൽ ഊന്നൽ നൽകാനാണ് രാജ്യത്തിന്റെ തീരുമാനമെന്നാണ് സൂചനകൾ.

2020-21 ൽ 2.2 ലക്ഷം കോടി രൂപയ്ക്കായിരുന്നു രാജ്യത്തെ മൊബൈൽ ഫോൺ നിർമാണമെന്നാണ് ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ കമ്പനികൾ ആഗോള തലത്തിൽ ചാമ്പ്യൻമാരാകുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് അധികൃതർ.