ന്യൂഡൽഹി: ആധാർ നമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. കള്ളവോട്ടു തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ‘ദ ഇലക്ഷൻ ലോസ് (അമെൻഡ്മെന്റ്) ബിൽ 2021’ പാസാക്കിയത്. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഇങ്ങനെ ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്തു മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. ശബ്ദവോട്ടുകളോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്.
വോട്ടർ കാർഡിൽ പേര് ചേർക്കുന്നതിനൊപ്പം ആധാർ നമ്പർകൂടി രേഖപ്പെടുത്തണമെന്നാണ് ഭേദഗതി ബിൽ നിർദേശിക്കുന്നത്. വോട്ടർപ്പട്ടികയിൽ നിലവിൽ പേരുചേർത്തവരോടും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് ആധാർ നമ്പർ ചോദിക്കാം. എന്നാൽ, ആധാർ കാർഡോ നമ്പറോ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ഒരാളുടെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കരുതെന്നും അത്തരം അപേക്ഷകൾ സ്വീകരിക്കാതിരിക്കരുതെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത്തരക്കാർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുമതി നൽകണമെന്നും നിർദ്ദേശമുണ്ട്.
വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിന് വർഷത്തിൽ നാലുപ്രാവശ്യം അവസരം നൽകുന്ന രീതിയിൽ സമയക്രമം നിശ്ചയിക്കണമെന്ന ആവശ്യവും ബിൽ മുന്നോട്ടുവെയ്ക്കുന്നു. ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ നാല് അവസരങ്ങളിൽ വോട്ടർപ്പട്ടിക പുതുക്കുകയും പേര് ചേർക്കുകയും ചെയ്യാം. സൈനികർക്കും ജീവിതപങ്കാളികൾക്കും നാട്ടിലെ വോട്ടർപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരം നൽകുമെന്നും ബില്ലിൽ പറയുന്നുണ്ട്. അതേസമയം ബില്ലിനെതിരെ എതിർപ്പുമായി കോൺഗ്രസ്, എ.ഐ.എം.ഐ.എം, ബി.എസ്.പി. തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സർക്കാർ നീക്കം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

