റിയാദ്: തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താനുള്ള നിർദേശവും മന്ത്രാലയം നൽകി.
തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവർത്തനം വഴിതെറ്റിയാണെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഘടയുടെ പ്രവർത്തനം അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം ഗ്രൂപ്പുകൾ സമൂഹത്തിന് ആപത്താണെന്നും മന്ത്രാലയം നിരീക്ഷിച്ചു.
തബ്ലീഗും ദഅ് വ ഗ്രൂപ്പും ഉൾപ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്.

