തിരുവനന്തപുരം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കൂടുതൽ പരിഷ്ക്കരണങ്ങൾ. ഭൂമി വാങ്ങുമ്പോൾ ഭൂമിയുടെ സ്കെച്ചും അളവ് രേഖകളും ഉപഗ്രഹചിത്രവും വരെ വേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നേരത്തെ ആധാരമുണ്ടെങ്കിൽ അത് വേറൊരാളുടെ പേരിലേക്ക് മാറ്റാൻ സങ്കീർണതകളില്ലായിരുന്നു. ഭൂമിയുടെ പേരിൽ തട്ടിപ്പ് വർധിച്ചതോടെയാണ് കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. യൂണിക്ക് തണ്ടപ്പേർ പരിഷ്കാരം വരുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കൂടുതൽ വ്യക്തത വരുത്തുന്ന പരിഷ്കാരങ്ങളാണ് ഉണ്ടാകുന്നത്.
പുതിയ മാറ്റങ്ങൾ നടപ്പാക്കുമ്പോൾ സ്വന്തം ഭൂമിയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. ഭൂമിയുടെ ഉടമസ്ഥത ആധാറുമായി ലിങ്ക് ചെയ്യുകയും ഒരാളുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ഒരു ആധാർ നമ്പറിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ നടപടിക്രമങ്ങളിൽ സൂഷ്മത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഓരോ ജില്ലയിലും ഘട്ടംഘട്ടമായാണ് ഭൂമിയുടെ ഉടമസ്ഥത ആധാറുമായി ലിങ്ക് ചെയ്യുക. ഇതുസംബന്ധിച്ച അറിയിപ്പുകൾ അതത് ജില്ലകളിൽ വരുമ്പോൾ ഭൂവുടമകൾ ജാഗ്രത പുലർത്തണം. സർക്കാർ നടപടികളുമായി പരമാവധി സഹകരിക്കുകയും സ്വന്തം ഭൂമിയുടെ രേഖകളും ആധാർ നമ്പറുകളും കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുകയും വേണം. തുടക്കത്തിലാണെങ്കിൽ തെറ്റുകൾ തിരുത്താൻ ഔദ്യോഗിക സംവിധാനങ്ങളുണ്ടാകും. പിന്നീട് ഈ അവസരം ലഭിക്കണമെന്നില്ല.
യൂണിക് തണ്ടപ്പേര് പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫീസിൽ പോകേണ്ടിവരില്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യാൻ റവന്യൂ പോർട്ടലിൽ നിശ്ചിത സമയം ഭൂവുടമയ്ക്കു ലഭിക്കുന്നതാണ്. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിനു പകരം 12 അക്ക തിരിച്ചറിയൽ നമ്പറായിരിക്കും ഉണ്ടാകുക. ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത.
ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരങ്ങൾ നിലവിൽ മറ്റൊരു ജില്ലയിൽ അറിയാൻ കഴിയില്ല. ഒരു ഭൂവുടമയുടെ തന്നെ ഭൂമി ഓരോ വില്ലേജ് ഓഫീസ് പരിധിയിലും വ്യത്യസ്ത തണ്ടപ്പേരിലാണ് ഇപ്പോഴുള്ളത്. ആധാർ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു ഭൂവുടമയുടെ എല്ലാ ഭൂമിയും ഒറ്റ തണ്ടപ്പേരിലാകും. ഇതോടെ ഒരു വ്യക്തിയ്ക്ക് ഏത് ജില്ലയിലുമുള്ള ഭൂമിയുടെ വിവരങ്ങൾ അറിയാൻ കഴിയും. 7.5 ഏക്കറാണ് ഒരു വ്യക്തിയ്ക്ക് കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ അളവ്. കുടുംബത്തിന് പരമാവധി 15 ഏക്കർ കൈവശം വയ്ക്കാം. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ കൈവശം വെയ്ക്കാൻ അധികാരമുള്ളത്. അതേസമയം 1970 ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല. ഒറ്റ തണ്ടപ്പേര് വരുന്നതോടെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. ആർക്കു വേണമെങ്കിലും സ്വന്തം ഭൂമിയുടെ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പോർട്ടലിൽ കയറി നോക്കി മനസിലാക്കാം.

