കെ-റെയിൽ; പദ്ധതി നടപ്പിലായാൽ പശ്ചിമഘട്ടം അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി ഡോ കെ ടി റാംമോഹൻ

k rail

തിരുവനന്തപുരം: കെ-റെയിൽ നടപ്പിലാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സാമ്പത്തിക വിദഗ്ധനും മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ മുൻ ഡീനുമായ ഡോ.കെ.ടി.റാംമോഹൻ. കെ റെയിൽ നടപ്പിലായാൽ പശ്ചിമഘട്ടം ഏകദേശം അപ്രത്യക്ഷമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സംസ്ഥാനത്തിനുള്ളിൽ അതിവേഗ യാത്ര ആവശ്യമുള്ള സാഹചര്യമുണ്ടോ എന്ന അടിസ്ഥാന ചോദ്യത്തിനു പോലും ഉത്തരമില്ലെന്നും അദ്ദേഹം വിമർശിച്ചു. ഒരു പ്രമുഖ മാദ്ധ്യമത്തിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

സെമി ഹൈ-സ്പീഡ് റെയിലിനേക്കാൾ അൽപ്പം വേഗം കുറഞ്ഞതോ നിർമാണച്ചിലവ് കുറഞ്ഞതോ ബദലുകൾ പരിഗണിക്കാൻ വ്യക്തമായ ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. റെയിൽ പദ്ധതിയുടെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഏതെങ്കിലും ഒരു വശത്ത് മാത്രം ഒതുങ്ങുന്നില്ല. സാങ്കേതികവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ദുരന്തങ്ങളുടെ സംയോജനമാണിതെന്നാണ് അദ്ദേഹം വിമർശിച്ചത്.

കെ റെയിൽ പദ്ധതി കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്നതാണ്. പദ്ധതിക്ക് ആദ്യം 900 ഹെക്ടർ ഭൂമി വേണമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 2300 ഹെക്ടറായി. ജനവാസകേന്ദ്രങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചും, തണ്ണീർത്തടങ്ങളും ജലാശയങ്ങളും നശിപ്പിച്ചും, നെൽവയലുകളും തെങ്ങിൻ തോപ്പുകളും വെട്ടിത്തെളിച്ചും, ഉപജീവനമാർഗങ്ങളെ നശിപ്പിച്ചും, അയൽപക്കങ്ങളെ ഛിന്നഭിന്നമാക്കിക്കൊണ്ടും, ജനസാന്ദ്രതയേറിയ തീരത്തിലൂടെയും സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തുകൂടെ ട്രാക്ക് കടന്നുപോകും. പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പ്രകൃതിവിഭവ ഉപയോഗം സങ്കൽപ്പിക്കാനാവാത്തതാണ്. പശ്ചിമഘട്ടം ഏതാണ്ട് അപ്രത്യക്ഷമാകുന്നത് തന്നെ കാണാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.