ഇന്ത്യ-റഷ്യ ഉച്ചകോടി; ഇന്ത്യക്ക് പുടിന്റെ വക സമ്മാനം

ന്യൂഡല്‍ഹി: ഇന്ത്യ – റഷ്യ സൗഹൃദം ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചു. ഈ മാസം പകുതിയോടെ ഇവ ഇന്ത്യയില്‍ എത്തും.

ആകെ അഞ്ച് ട്രയംഫ് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത വര്‍ഷം സെപ്റ്റംബറോടെ എത്തും. ഇന്ത്യയില്‍ ഇപ്പോള്‍ എത്തുന്ന യൂണിറ്റുകള്‍ മൂന്ന് മാസത്തിനകം റഷ്യയുടെ സാങ്കേതിക സഹായത്തോടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കും. അമേരിക്കയുടെ ഉപരോധ ഭീഷണി കണക്കലെടുക്കാതെയാണ് ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സന്നാഹമെന്ന് വിലയിരുത്തുന്ന ട്രയംഫ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. വെറും പത്ത് മണിക്കൂര്‍ മാത്രമുള്ള പുടിന്റെ സന്ദര്‍ശനത്തിന് മുമ്പ് തന്നെ റഷ്യ ഇവ ഇന്ത്യയിലേക്ക് അയച്ചത് അമേരിക്ക ഉള്‍പ്പെടെയുള്ള ശക്തികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ട്രയംഫിനെ കുറിച്ചറിയാം…

ഭൂതല – വ്യോമ മിസൈല്‍ കവചം. ഇവ ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കും

വില ഒരു യൂണിറ്റിന് 30കോടി ഡോളര്‍ (2250 കോടി രൂപ )

400, 250, 120, 40 കിലോമീറ്ററുകള്‍ റേഞ്ചുള്ള മിസൈലുകള്‍

180 കിലോയും 24 കിലോയും ഭാരമുള്ള പോര്‍മുനകള്‍

മിസൈലുകളുടെ വേഗത മണിക്കൂറില്‍ 17,000 കിലോമീറ്റര്‍

600 കിലോമീറ്റര്‍ അകലെയുള്ള ശത്രു മിസൈലുകളെ തകര്‍ക്കും

ഒരു ലക്ഷ്യത്തിലേക്ക് രണ്ട് മിസൈലുകള്‍

ചൈന ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ട്രയംഫ് വാങ്ങിയിട്ടുണ്ട്