തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി പാർട്ടി. കാരക്കാട് റിസോർട്ടിൽ നടന്ന പാർട്ടിയിൽ ലഹരി വസ്തുക്കൾ ഉൾപ്പെടെ പിടിച്ചെടുത്തു. പാർട്ടി നടത്തിപ്പുകാരിൽ നിന്നാണ് എക്‌സൈസ് ലഹരി പിടിച്ചെടുത്തത്. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആര്യനാട് സ്വദേശിയായ അക്ഷയ് മോഹൻ എന്നയാളാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്.
കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ എന്നയാളും പിടിയിലായിട്ടുണ്ട്. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിൽ നടത്തിയ പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 60 പേരാണ് പങ്കെടുത്തത്. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ചാണ് ഈടാക്കിയത്. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നും പിടിയിലായവർ പോലീസിനോട് വെളിപ്പെടുത്തിയത്.
റിസോർട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. പാർട്ടിക്ക് വരുന്നവർക്കായി പ്രത്യേകം ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. വാട്‌സാപ്പിലൂടെയാണ് ലഹരി പാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ പങ്കെടുത്തവർ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

