തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ. മോശം റോഡുകളുടെ പേരിലാണ് സർക്കാരിനെതിരെ ജയസൂര്യ വിമർശനം ഉന്നയിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. മോശം റോഡുകളിൽ വീണ് മരിച്ചാൽ ആര് സമാധാനം പറയുമെന്ന് ജയസൂര്യ ചോദിച്ചു. പി ഡബ്ല്യു ഡി റോഡ് പരിപാലന ബോർഡ് പുനസ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ലോൺ എടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയാകാം ചിലപ്പോൾ ഒരാൾ റോഡ് നികുതി അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ കിട്ടിയേ പറ്റുവെന്ന് ജയസൂര്യ പറഞ്ഞു. റോഡ് പണിയ്ക്ക് മഴയാണ് തടസമെന്നത് ജനം അറിയേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ ചിറാപൂഞ്ചിയിൽ റോഡുകൾ ഉണ്ടാകില്ല. ഒരുപാട് കാരണങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അത് ജനങ്ങൾ അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിപാലന കാലാവധിയിൽ കരാറുകാരൻ അറ്റകുറ്റപ്പണി നടത്തണമെന്നും അത് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

