പ്ലസ് വണ്ണിന് 71 താല്‍ക്കാലിക ബാച്ചുകള്‍; ഡിസംബര്‍ 13 മുതല്‍ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് 71 താല്‍കാലിക ബാച്ചുകള്‍ കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഈ ക്ലാസുകളിലേക്കെല്ലാം ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാല്‍ ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും അധ്യാപക-അനധ്യാപകരുടെ വാക്‌സിനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ട്ടിപിസിആര്‍ റിസള്‍ട്ട് നല്‍കണം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ലീവ് എടുക്കാന്‍ അവസരമുണ്ട്. ശൂന്യവേതന അവധി ഇവര്‍ക്ക് അനുവദിക്കും, മന്ത്രി വ്യക്തമാക്കി.

സാധാരണ സ്‌കൂളുകളെ പോലെ തന്നെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകളും ഹോസ്റ്റലുകളും ഈ മാസം എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം, സംസ്ഥാനത്തെ വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് മന്ത്രി പുറത്ത് വിട്ടു. അധ്യാപകരും-അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്‌സിന്‍ സ്വീകരിക്കാത്തതെന്ന് മന്ത്രി അറിയിച്ചു. ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്‌സിനെടുത്തിട്ടില്ല. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകരും വാക്‌സിനെടുക്കേണ്ടതായുണ്ട്.