ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് പുതിയ പ്രതീക്ഷകൾ നൽകി ധനമന്ത്രി നിർമ്മലാ സീതാരാമൻ. സ്വകാര്യ ക്രിപ്‌റ്റോ കറൻസി നിരോധിച്ചേക്കുമെന്ന പ്രചാരണത്തിനിടെയാണ് ധനമന്ത്രി ക്രിപ്‌റ്റോ നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന പ്രതികരണം നടത്തിയിരിക്കുന്നത്. പഴയ ബില്ലിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതായി വന്നുവെന്നും ഇപ്പോൾ ഒരു പുതിയ ബിൽ പ്രകാരം പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
തീർത്തും പുതിയ ക്രിപ്‌റ്റോ കറൻസി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിക്കുകയെന്നും മന്ത്രിസഭായോഗം ഈ ബിൽ അംഗീകരിച്ചാൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ഇതുവരെ ക്രിപ്‌റ്റോബില്ലിനെക്കുറിച്ച് പ്രചരിച്ചതൊന്നുമായിരിക്കില്ല പുതിയ ബില്ലിൽ ഉണ്ടായിരിക്കുകയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
അതേ സമയം തെറ്റായ കൈകകളിൽ ക്രിപ്‌റ്റോ കറൻസി എത്തരുതെന്നതാണ് സർക്കാരിന്റെ ആഗ്രഹം. മറ്റൊന്ന് ക്രിപ്‌റ്റോ കറൻസിയിലെ വിലയിൽ വരുന്ന പ്രവചനാതീതമായ വലിയ ചാഞ്ചാട്ടങ്ങളും കേന്ദ്ര സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. ക്രിപ്‌റ്റോ കറൻസി കള്ളപ്പണക്കാരും തീവ്രവാദസംഘടനകളും ദുരുപയോഗം ചെയ്‌തേക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക.
ഡിജിറ്റൽ കറൻസികളെ കുറിച്ചുള്ള പരസ്യം നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ക്രിപ്‌റ്റോകറൻസികളുടെ നിയന്ത്രണ ശേഷിയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ബില്ല് പാസാകുന്നതിനായി കാത്തിരിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

