കൊച്ചി: പിങ്ക് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച വിഷയവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ വിമർശനം. കരയുന്ന പെൺകുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കിൽ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇതെന്നാണ് കോടതി പറയുന്നത്. പോലീസ് പെൺകുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കരയുന്ന പെൺകുട്ടിയെ എന്തുകൊണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി ഉന്നയിക്കുന്ന ചോദ്യം. പോലീസിന്റെ കാക്കിയുടെ ഈഗോയാണ് അത് അനുവദിക്കാതിരുന്നതെന്നും ഒരു മാപ്പ് പറഞ്ഞാൽ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയിൽ എത്തിച്ചതെന്നും കോടതി വ്യക്തമാക്കി. സംഭവം തുടങ്ങിയപ്പോൾ മുതൽ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓർക്കണമായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആ കുട്ടിക്ക് പോലീസിനെ സംരക്ഷകരായി കാണാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയിൽ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ്സ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസ് ആണെന്നും ഹൈക്കോടതി ചോദിക്കുന്നു.
അതേസമയം പിങ്ക് പോലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. വിഷയത്തിൽ കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡിജിപിയ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവത്തിന്റെ ദൃശ്യങ്ങളും കോടതി ഇന്ന് വിശദമായി കണ്ടിരുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ഈ കുട്ടിയെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

