ചെന്നൈ: മതം മാറിയാലും ഒരാളുടെ ജാതി മാറുന്നില്ലെന്നും അതിന്റെ പേരിൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അർഹതയില്ലെന്നും വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ആദി ദ്രാവിഡർ സമുദായത്തിൽപ്പെട്ടയാൾ ഹിന്ദു അരുന്ധതിയാർ സമുദായക്കാരിയെ വിവാഹം കഴിക്കുകയും പിന്നീട് ക്രിസ്തുമതം സ്വീകരിച്ചതിനേത്തുടർന്നു മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അവകാശമുന്നയിക്കുകയും ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് തനിക്കു പിന്നാക്കവിഭാഗ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ഭാര്യ പട്ടികജാതിയിൽ തുടരുന്നതിനാൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നും വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്. സർക്കാർ ജോലികളിൽ മിശ്രവിവാഹിതർക്കുള്ള മുൻഗണനയ്ക്കായാണു സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
പങ്കാളികളിൽ ഒരാൾ പട്ടികജാതിയിലും മറ്റേയാൾ മറ്റൊരു ജാതിയിലും ഉൾപ്പെട്ടാലേ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്ന നിബന്ധന കോടതി വ്യക്തമാക്കി. ഈ കേസിൽ ഹർജിക്കാരനും ഭാര്യയും പട്ടികജാതിയിൽ ജനിച്ചവരാണ്. ഹർജിക്കാരൻ മതം മാറിയെന്ന കാരണത്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയില്ലെന്നു ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം ഉത്തരവിടുകയും ചെയ്തു. മതംമാറിയതിനെത്തുടർന്ന് ലഭിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് മിശ്രവിവാഹ സർട്ടിഫിക്കറ്റിനുള്ള യോഗ്യതയല്ലെന്നു സർക്കാർ അഭിഭാഷകൻ സി. ജയപ്രകാശ് വാദിച്ചു. ഹർജിക്കാരനും ഭാര്യയും പട്ടികജാതിക്കാരാണെന്നു വ്യക്തമാക്കുന്ന റവന്യൂ ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടും സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

