തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷമായി ശമ്പള വർധനവില്ലാതെ ജോലി ചെയ്ത് കെഎസ്ആർടിസിയിലെ തൊഴിലാളികൾ. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിത ചെലവുകൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവർ.
‘ശമ്പളം എന്ന് കിട്ടുമെന്നറിയില്ല, എടുത്ത ലോണിന്റെ അടവുകൾ മുടങ്ങുമ്പോൾ പലിശ കൂടും. വാടക കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ കഴിയുന്നില്ല. സ്വന്തമായി ഒരു കൂര പോലുമില്ല. ആത്മഹത്യയെ കുറിച്ചുവരെ ആലോചിച്ചിട്ടുണ്ട്…’ കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോയിലെ ഡ്രൈവർ സുനിൽകുമാറിന്റെ വാക്കുകളാണിത്. ജീവിത പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.
ജൂൺ മാസം മുതൽ ശമ്പളം വർദ്ധിക്കുന്നതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു സുനിൽ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന തുക 24,500 രൂപയാണ്. മകളുടെ വിവാഹച്ചെലവ് ഉൾപ്പെടെയുള്ള ആവശ്യത്തിനായി വായ്പ വാങ്ങിയ ഇനത്തിൽ അഞ്ചു ലക്ഷം രൂപയുടെ ബാധ്യതയും ഇദ്ദേഹത്തിനുണ്ട്. മാസം ആരംഭിച്ച് രണ്ടാം വാരമാകുമ്പോഴാണ് പലപ്പോഴും തുച്ഛമായ ശമ്പളം ലഭിക്കുന്നതെന്നും സുനിൽ പറയുന്നു. സുനിലിനെ പോലെ നിരവധി പേരാണ് ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്.
2011 ലാണ് ഏറ്റവും ഒടുവിൽ കെ.എസ്.ആർ.ടി.സി ശമ്പളം വർധിപ്പിച്ചത്. ഇത്രയും ഇടവേളയ്ക്കു ശേഷം, കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ശമ്പള പരിഷ്‌കരണ പാക്കേജിൽ,10 വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്ക് പോലും 1500-2500 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.അതേസസമയം കോവിഡ് സാഹചര്യം നിലനിൽക്കെ തന്നെയല്ലേ സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം സർക്കാർ കുത്തനെ വർധിപ്പിച്ചതെന്നും കെഎസ്ആർടിസി ജീവനക്കാർ ചോദിക്കുന്നു. കൂടുതൽ ബസുകൾ നിരത്തിലിറക്കുക, കൃത്യമായി സർവീസ് നടത്തുക, ചീഫ് ഓഫീസിൽ പുതിയ നിയമനങ്ങൾ നിർത്തലാക്കുക, ശമ്പള വർദ്ധന യാഥാർത്ഥ്യമാക്കണം എന്നിവയാണ് തൊഴിലാളികൾ മുന്നോട്ടു വെയ്ക്കുന്ന ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൂന്ന് അംഗീകൃത സംഘടനകളും ഒരുമിച്ച് അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തൊഴിലാളികൾ പറയുന്നു.

