തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് വായ്പ നൽകാൻ സന്നദ്ധതയറിയിച്ച് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി). ഒരു ബില്യൺ ഡോളർ (7500 കോടിയോളം രൂപ) വായ്പ നൽകാനുള്ള സന്നദ്ധതയാണ് ഏഷ്യൻ വികസന ബാങ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വെച്ച് കേരളാ റെയിൽ വികസന കോർപറേഷൻ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഏഷ്യൻ വികസന ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നര ശതമാനം വരെയാണ് എ.ഡി.ബി വായ്പയ്ക്ക് പലിശ. പരിസ്ഥിതി ആഘാത പഠനം, പുനരധിവാസം, സാമൂഹ്യാഘാത പഠനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശയോടെയായിരിക്കും വായ്പാ നടപടികൾ പുരോഗമിക്കുക. പദ്ധതിയെക്കുറിച്ച് പഠിക്കാൻ എ.ഡി.ബി കൺസൾട്ടന്റുമാരെ നിയോഗിക്കുകയും ചെയ്യും. അതേസമയം എ.ഡി.ബിയെക്കാൾ കുറഞ്ഞ നിരക്കിൽ (0.2- 0.5 %) പലിശ നൽകാൻ ജപ്പാനിലെ ജൈക്ക സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഭൂമിവിലയടക്കം 2.5 ബില്യൺ ഡോളർ (19000കോടി രൂപ) ഒറ്റ വായ്പ നൽകാൻ ജൈക്ക തയ്യാറാണ്.
ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ജർമ്മൻബാങ്ക് എന്നിവയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്. 66,405 കോടി രൂപയാണ് കെ റെയിൽ പദ്ധതിയുടെ ചെലവ്. 33,700 കോടിയാണ് പദ്ധതിയ്ക്ക് വേണ്ടി വിദേശവായ്പയെടുക്കുക. വായ്പയുടെ തിരിച്ചടവ് ബാദ്ധ്യത പൂർണമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത്രയും വായ്പയ്ക്ക് പ്രതിവർഷം 1946 കോടി തിരിച്ചടവുണ്ടാവും. തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് തുക കുറവു ചെയ്ത് ബാങ്കിന് കൈമാറും.

