ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. പോക്സോ കേസിലെ കുറ്റാരോപിതൻ ഇരയുടെ ശരീരത്തിൽ സ്പർശിക്കാതെ മാറിടത്തിൽ തൊടുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ കേസിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതിയ്ക്ക് ലൈംഗിക ഉദ്ദേശം ഉണ്ടായിരുന്നോ എന്നതാണ് പോക്സോ കേസിൽ ഏറ്റവും പ്രധാനമെന്നും ഇരയുടെയും കുറ്റാരോപിതന്റെയും ചർമ്മങ്ങൾ പരസ്പരം സ്പർശിച്ചാൽ മാത്രമേ പോക്സോയുടെ പരിധിയിൽ വരികയുള്ളൂവെന്ന ഹൈക്കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.
ചർമത്തിൽ സ്പർശിക്കാതെ പെൺകുട്ടിയുടെ മാറിടത്തിൽ തൊട്ടത് കുറ്റകരമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. വസ്ത്രങ്ങൾക്ക് മുകളിലൂടെ ശരീരത്തിൽ പിടിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകുകയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് പന്ത്രണ്ടുകാരിയെ വിളിച്ചുവരുത്തി മാറിടത്തിൽ സ്പർശിച്ചെന്ന കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, മഹാരാഷ്ട്ര സർക്കാർ, ദേശീയ വനിതാ കമ്മിഷൻ എന്നിവരാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

