പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. ഇന്ന് രാവിലെ 8.20നാണ് മന്ത്രി ആശുപത്രിയിലെത്തിയത്. ശേഷം രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിക്കുകയും ചെയ്തു.

രാവിലെ ആയതിനാല്‍ ആശുപത്രിയില്‍ കുറച്ച് തിരക്കായിരുന്നു. ആദ്യം ഒ പി വിഭാഗങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഒഫ്ത്താല്‍മോളജി ഒ പിയും ദന്തല്‍ ഒ പിയും ഒഴികെ മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയില്ലായിരുന്നു. ധാരാളം പേര്‍ മെഡിസിന്‍ ഒ പിയില്‍ കാണിക്കാന്‍ കാത്തിരുന്നെങ്കിലും ആ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ആരും തന്നെ ഇല്ലായിരുന്നു. അവിടെ നിന്ന് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. 7 പേരുള്ള ഗൈനക്കോളജി വിഭാഗത്തില്‍ ഒ പി ഇല്ലെന്ന് ബോര്‍ഡ് വെച്ചിരുന്നു. അന്വേഷിച്ചപ്പോള്‍ പലരും റൗണ്ട്‌സിലാണെന്ന വിവരമാണ് ലഭിച്ചത്. ഉടന്‍ തന്നെ മന്ത്രി വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അവിടെയും എത്തിയിട്ടില്ലെന്ന് ബോധ്യമായി. മാത്രമല്ല വാര്‍ഡുകളില്‍ റൗണ്ട്‌സും കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തി.

അത്യാഹിത വിഭാഗം, വിവിധ ഒ പികള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍ ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പാരാതികള്‍ കേള്‍ക്കുകയും ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അറ്റന്റന്റ്‌സ് പരിശോധിക്കുകയും കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്.