തിരുവനന്തപുരം: പ്രൊഫഷണൽ മാജിക്ക് ഷോ അവസാനിപ്പിക്കുന്നുവെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് ഇതോടെ വിരാമമമാകുന്നത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം പ്രമുഖ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ഇനി ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. ഇപ്പോൾ താൻ പ്രവർത്തിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണം എന്നാണ് തന്റെ സ്വപ്‌നമെന്നും അവർക്ക് വേണ്ടി സ്‌പോർട്‌സ് കോംപ്ലക്‌സ്, സ്‌കിൽ സെന്റർ തുടങ്ങിയവയൊക്കെ രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്നം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

