ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം ഉയരുന്നതിൽ മുന്നറിയിപ്പ് നൽകി വിദഗ്ധർ. വ്യക്തികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന രീതിയിലാണ് ഡൽഹിയിലെ സ്ഥിതിഗതികളെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധ ഡോ. റിച്ച സരിൻ നിർദ്ദേശിച്ചു. പുറത്തു പോകണമെന്നുണ്ടെങ്കിൽ അതിരാവിലെയോ രാത്രിയിലോ മാത്രം പുറത്തു പോകുന്നതായിരിക്കും നല്ലതെന്നും മുന്നറിയിപ്പുണ്ട്.
ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഓരോ ദിവസവും കുറഞ്ഞ് വരികയാണ്. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ പോകുന്നതും, പകൽ സമയത്ത് പുറത്തിറങ്ങുന്നതും കുറയ്ക്കണം. നിലവിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഡൽഹിയിൽ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ അടയ്ക്കാൻ നിർദ്ദേശമുണ്ട്. ജോലിയുള്ളവർ ഓഫീസുകളിൽ പോകാതെ വീട്ടിലിരുന്ന് ചെയ്യാൻ ശ്രമിക്കണമെന്നും അധികൃതർ പറയുന്നു.
ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കണമെന്നും സി.എ.ക്യു.എം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് വിദഗ്ധർ പറയുന്നത്.

