തിരിച്ചറിയൽ കാർഡും ലൈസൻസുമില്ലാതെ ഇനി മുതൽ കൊച്ചിയിൽ തെരുവ് കച്ചവടം നടത്താൻ സാധിക്കില്ല; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: തിരിച്ചറിയൽ കാർഡും ലൈസൻസുമില്ലാതെ ഇനി മുതൽ കൊച്ചിയിൽ തെരുവ് കച്ചവടം നടത്താൻ സാധിക്കില്ല. ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ ഒന്ന് മുതൽ ഇതു സംബന്ധിച്ച ഈ കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തണമെന്ന നിർദ്ദേശമാണ് ഹൈക്കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. അർഹരായവർക്ക് നവംബർ 30 നകം തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യാനും കോടതി നിർദ്ദേശം നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കളക്ടറേയും സിറ്റി പോലീസ് കമ്മിഷണറേയും കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തു.

വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും ഹൈക്കോടതി നൽകിയിട്ടുണ്ട്. പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അനുമതി കോടതി നൽകി. ഇത്തരം അപേക്ഷകളിൽ ഒരുമാസത്തിനകം കമ്മിറ്റി തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അപേക്ഷകർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് ഇനി അനുമതി ലഭിക്കൂ. അതേസമയം അർഹരെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.