വന്‍മതിലിന് കീഴില്‍ ഇന്ത്യ; ആദ്യ മത്സരം നാളെ

ജയ്പൂര്‍: പരിശീലകനായി രാഹുല്‍ ദ്രാവിഡും ട്വന്റി-20യിലെ നായകനായി രോഹിത് ശര്‍മ്മയും ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പര നാളെ ന്യൂസിലാന്‍ഡിനെതിരെ ജയ്പൂരില്‍ നടക്കും. വൈകിട്ട് എഴ് മണിക്കാണ് മത്സരം. ലോകകപ്പിലെ പരാജയത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ നായകനും പരിശീലകനും കീഴില്‍ പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ്.

പ്രതിസന്ധികളില്‍ എന്നും ഇന്ത്യയെ പിടിച്ചു നിര്‍ത്തിയ താരമാണ് രാഹുല്‍ ദ്രാവിഡ്. തോല്‍വികള്‍ സമനിലയാക്കിയും സമനിലകള്‍ വിജയമാക്കിയും ഇന്ത്യയുടെ വന്‍മതിലായി. പ്രതിസന്ധി നിറഞ്ഞ ഈ സമയത്തും പുത്തന്‍ റോളില്‍ തണലാവുകയാണ് ദ്രാവിഡിന്റെ ദൗത്യം.

മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ജോലിഭാരം വളരെയേറെ ഗൗരവകരമായി നോക്കികാണേണ്ട വിഷയമാണെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ക്രിക്കറ്റര്‍മാര്‍ യന്ത്രങ്ങളല്ലെന്നും അവര്‍ക്കും അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ദ്രാവിഡ് വ്യക്തമാക്കി. കളിക്കാരുടെ ശാരീരികവും മാനസികവുമായ സുഖത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് സൂചിപ്പിച്ച ദ്രാവിഡ് പ്രധാന ടൂര്‍ണമെന്റുകള്‍ക്കു മുമ്പ് താരങ്ങള്‍ എല്ലാം പൂര്‍ണ ആരോഗ്യക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സൂചിപ്പിച്ചു.