മോഡലുകളുടെ മരണം; ദുരൂഹത തുടരുന്നു; ‘നമ്പര്‍ 18’ ഹോട്ടലുടമ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമുള്‍പ്പെടെ മൂന്നുപേരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയി വയലാട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരായി. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. കൂടാതെ അപകടത്തിന് ശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, ഡി ജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. ഡിജെ പാര്‍ട്ടിയുടെ അരമണിക്കൂറോളമുള്ള സി സി ടി വി ദൃശ്യങ്ങള്‍ ടെക്‌നീഷ്യന്റെ സഹായത്തോടെ റോയി മാറ്റിയിരുന്നു. എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ മോഡലുകളെ പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്തേണ്ടത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലം വരെ ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഹോട്ടലുടമ റോയിയെ ചോദ്യംചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുത്താന്‍ സാധിച്ചേക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായത്.