കിഫ്ബി; അക്കൗണ്ടന്റ് ജനറലിന്റെ ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവതരമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നത് കൂടിയാണ് ഈ കണ്ടെത്തലുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിയിലെ ക്രമവിരുദ്ധ നടപടികളെ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം സത്യമാണെന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. കൊള്ളപ്പലിശ നൽകി മസാലബോണ്ടിലൂടെ സമാഹരിച്ച ഫണ്ടിന്റെ തെറ്റായ രീതിയുള്ള നിക്ഷേപത്തെത്തുടർന്ന് കോടിക്കണക്കിന് രൂപ പലിശ ഇനത്തിൽ മാത്രം നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ഇതു സംബന്ധിച്ച് പ്രതിപക്ഷം മുൻപ് ആക്ഷേപം ഉന്നയിച്ചപ്പോൾ പ്രതിപക്ഷത്തെ അപഹസിക്കുന്ന സമീപനമാണ് മുൻ ധനകാര്യമന്ത്രിയും കിഫ്ബി മാനേജ്‌മെന്റും സ്വീകരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

ഇല്ലാത്ത തസ്തികകളിലേക്ക് ഉയർന്ന ശമ്പള സ്‌കെയിലിൽ ഉദ്യോഗസ്ഥരെ നിയമിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. മസാലബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച റിപ്പോർട്ടിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കൃത്യമായി റിപ്പോർട്ട് നൽകുന്നതിലെ പാളിച്ച കാരണം 1 ലക്ഷം രൂപ കിഫ്ബിക്ക് പെനാൽറ്റി നൽകേണ്ടി വന്നതായും വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സംവരണതത്ത്വങ്ങൾ പാലിക്കാതെയും, സർക്കാരിന്റെ തന്നെ മുൻ മാർഗ്ഗനിർദേശങ്ങൾ അട്ടിമറിച്ചുമാണ് ഈ നിയമനങ്ങൾ നടന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ഇനിയും ഉരുണ്ടുകളിക്കാതെ എജിയുടെ കണ്ടെത്തലുകളെ സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആവശ്യം. കിഫ്ബി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും, കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും കാരണം ഖജനാവിന് സംഭവിച്ച നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചു പിടിക്കണമെന്നും ഇവിടെ നടന്നിട്ടുള്ള എല്ലാ അനധികൃത നിയമനങ്ങളും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്‌ക്കോ, ധനകാര്യവകുപ്പിനോ പോലും നിയന്ത്രണമില്ലാത്ത സൂപ്പർ ധനകാര്യസ്ഥാപനമെന്ന നിലയിലാണ് കിഫ്ബി മാനേജ്‌മെന്റിന്റെ പ്രവർത്തനം. ഇനിയും കിഫ്ബിയെ ഇങ്ങനെ കയറൂരി വിടുന്നത് കേരളത്തിന്റെ വിശാലതാൽപര്യങ്ങൾക്ക് ഒട്ടും യോജിച്ചതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.