എമര്‍ജന്‍സി കെയറുകള്‍ സജ്ജം; ശബരിമലയില്‍ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകള്‍ പൂര്‍ത്തിയാകുന്നു

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ഒരുങ്ങുമ്പോള്‍ തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യവകുപ്പിന്റെ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുന്നു. പമ്പ-സന്നിധാനം, ആശുപത്രികളും, സ്വാമി അയ്യപ്പന്‍ റോഡിലെ എമര്‍ജന്‍സി കെയര്‍ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു. നിലക്കലിലും, എരുമേലിയിലും കൊവിഡ് പരിശോധനക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മലകയറുന്ന ഭക്തര്‍ക്കായി സ്വാമി അയ്യപ്പന്‍ റോഡില്‍ അഞ്ച് എമര്‍ജന്‍സി സെന്ററുകളില്‍ ഓക്‌സിജന്‍ പാര്‍ലറുകളും തയ്യാറായി കഴിഞ്ഞു. ഇവിടെ ഇരുപത്തിനാല് മണിക്കൂറും പരിശീലനം ലഭിച്ച സ്റ്റാഫ് നേഴ്‌സിന്റെ സേവനമുണ്ടാകും. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളില്‍ ഹൃദ്രോഗവിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെ ഐസിയു സൗകര്യവും തയാറാക്കയിട്ടുണ്ട്.

നിലക്കലില്‍ പ്രൈവറ്റ് ലാബുകളുടെ സഹരണത്തോടെ ആര്‍ടിപിസിആര്‍, ആര്‍ടി ലാബ് പരിശോധന നടത്തും. മൂന്ന് മണിക്കൂറില്‍ ആര്‍ടി ലാബ് ഫലവും നാല് മണിക്കൂറില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലവും ലഭിക്കും. പോസിറ്റീവാകുന്ന ഭക്തരെ പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടി സിയിലേക്ക് മാറ്റും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇത്തവണ കൊവിഡ് പരിശാധന നടത്തുക എന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.