തിരുവനന്തപുരം: കോഴിക്കോട് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവത്തിൽ അന്വേഷണം നടത്താൻ പാർട്ടി ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കോഴിക്കോട് നടന്നത് സമാന്തരയോഗമല്ല. മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഡിസിസിയുടെ അനുമതിയോടെയാണ് യോഗം നടന്നതെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച്ച രാവിലെയാണ് സ്വകാര്യ ഹോട്ടലിൽ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം ചേർന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്.
അതേസമയം മുല്ലപ്പെരിയാർ മരംമുറിക്കൽ വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണെന്നും മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങൾ ദുർബലപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

