തിരുവനന്തപുരം: കിഫ്ബി രൂപീകരിച്ചിട്ട് ഇന്നേക്ക് 22 വര്‍ഷം. ഇതുവരെ 64,338 കോടിയുടെ പദ്ധതികള്‍ക്കാണ് ധനാനുമതി നല്‍കിയത്. ഇതില്‍ മൂവായിരം കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. സമയബന്ധിതമായും നിലവാരമുറപ്പാക്കിയും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കിഫ്ബിക്ക് കേരളം രൂപം നല്‍കിയത്. കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന സിഎജി റിപ്പോര്‍ട്ടും കിഫ്ബിക്കെതിരെ ഇന്ന്് പുറത്തുവന്നു.
കിഫ്ബി രൂപീകരിച്ച് 22 വര്‍ഷമായെങ്കിലും ഈ നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായത് 2016 ലെ ഭേദഗതി ആക്ടിലൂടെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 64,338 കോടിയുടെ 918 പദ്ധതികള്‍ക്കാണ് നാളിതുവരെ ധനാനുമതി ലഭിച്ചത്. ഇതില്‍ 15000 കോടി രൂപയാണ് ഇതുവരെ വിനിയോഗിച്ചത്. സെപ്റ്റംബര്‍ വരെ പൂര്‍ത്തിയാക്കിയത് 3000 കോടി രൂപയുടെ 201 പദ്ധതികളാണ്. പൊതുജനാരോഗ്യ രംഗത്തെയും പൊതുവിദ്യാഭ്യാസ രംഗത്തെയും വികസന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയുടെ പ്രചാരണ ചിത്രങ്ങളായി. പ്രവാസി ചിട്ടി വഴി മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കോടിയുടെ ബോണ്ടുകള്‍.
എന്നാല്‍, കിഫ്ബി നേരിട്ട വിവാദങ്ങളും നിരവധിയാണ്. പൊതുമരാമത്ത് വകുപ്പിനെ ദുര്‍ബലപ്പെടുത്തിയെന്നായിരുന്നു പ്രധാന ആരോപണം. പെട്രോളിയം സെസും മോട്ടോര്‍ വാഹന നികുതിയിലെ വിഹിതവും കിഫ്ബിയിലേക്ക് പോകുമ്പോള്‍ സര്‍ക്കാരിന്റെ സാമ്പത്തിക രേഖകളില്‍ ഈ തുക വ്യക്തമാക്കുന്നില്ലെന്നതാണ് മറ്റൊരു വിമര്‍ശനം. അതേസമയം, ട്രാന്‍സ്ഗ്രിഡ് പദ്ധതി, കെഫോണ്‍, ദേശീയ പാതാ വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ എന്നീ വലിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്.

