മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ല: എ.കെ ശശീന്ദ്രന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. മരംമുറി ഉത്തരവില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ പഴുതടച്ച നടപടി സ്വീകരിക്കുമെന്നും, ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും, ഒരു വിട്ടു വീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്, ആരുടെ മുമ്പിലും സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ 5ന് ഉത്തരവിറങ്ങി. ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍ വന്നത് നവംബര്‍ 6 നാണ്. ഉടന്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും എന്നതു തന്നെയാണ്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്‌ഠേന പ്രമേയം പാസ്സാക്കിയിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ബഹു. സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ച നിലപാടിന് അനുസൃതമല്ലാത്ത ഒരു ഉത്തരവും ഏത് ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചാലും നിലനില്‍ക്കുന്നതല്ല. നവംബര്‍ 05 ലെ ഉത്തരവ് മരവിപ്പിച്ചിരിക്കെയാണ്. ഇത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ അനുമതികളും ഉണ്ടായിരുന്നോ എന്ന് വിശദമായും സമയബന്ധിതമായും സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് കോട്ടം വരുന്നതും കേരളത്തിന്റെ സുരക്ഷക്ക് ഭംഗം വരുത്തുന്നതുമായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സ്വീകരിക്കുകയുമില്ല., അദ്ദേഹം കൂട്ടിച്ചേര്‍ത്തു.