‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ : ഇന്ന് ശ്രീനാരായണ ഗുരു ജന്മദിനം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' : ഇന്ന് ശ്രീനാരായണ ഗുരു ജന്മദിനം

സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം. (1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.
കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, അന്തരാളർ, ജാതിമാത്രർ, അമ്പലവാസികൾ, സങ്കരവർണ്ണക്കാർ, ശൂദ്രർ എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു.

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ദേശീയ പാതയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറി ഉള്ള ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു കൊല്ലവർഷം 1032 ചിങ്ങമാസം നാണു ജനിച്ചത്. ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം 28ന്. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തത്പ്പരനായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേപടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി. മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു. 22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു. സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ. സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. “ ജാതിഭേദം മതദ്വേഷം – ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത് ”