സംസ്ഥാനത്ത് 604 അംഗീകൃത ക്വാറികളാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി രാജീവ്; ആറായിരത്തോളം ക്വാറികളുണ്ടെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 604 അംഗീകൃത ക്വാറികളാണ് പ്രവർത്തിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. ആറായിരത്തോളം ക്വാറികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്നവയിൽ ഭൂരിഭാഗം ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

സർക്കാർ പുതിയ ക്വാറികൾ അനുവദിച്ചുവെന്നത് പ്രചാരവേലയാണ്. നിലവിൽ ഉണ്ടായിരുന്നവയുടെ ലൈസൻസ് പുതുക്കി നൽകിയതാവാമെന്ന് പി രാജീവ് അറിയിച്ചു.. ഇപ്പോൾ കേരളത്തിലാകെ 604 ക്വാറികളേ നിയമാനുസൃതം പ്രവർത്തിക്കുന്നുള്ളൂ. 2010-ൽ 3104 ക്വാറികൾ ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1514 ആയും ഇപ്പോൾ 604 ആയും കുറഞ്ഞു. ആറായിരം ക്വാറികൾ ഉണ്ടെന്ന് പറയുന്നത് ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിലാണ്. അതിന് എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മണ്ഡലങ്ങളിൽ അനധികൃത ക്വാറികളുണ്ടെങ്കിൽ എം.എൽ.എ.മാർക്ക് ചൂണ്ടിക്കാട്ടാം. സർക്കാർ കർശന നടപടിയെടുക്കും. അനധികൃത ക്വാറികളുണ്ടെങ്കിൽ അന്വേഷിച്ച് പ്രവർത്തനം നിർത്തിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നിർദേശം നൽകി. ഒരു ക്വാറിക്കാർക്കും രാഷ്ട്രീയ സംരക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വനപ്രദേശത്തുനിന്ന് അഞ്ചു കിലോമീറ്റർ മാറിയേ ക്വാറികൾ അനുവദിക്കാവൂ എന്ന ഹരിത ട്രിബ്യൂണലിന്റെ വിധിയെ ചോദ്യംചെയ്ത് 50 മീറ്ററാക്കണം എന്ന് കോടതിയിൽ ആവശ്യപ്പെട്ടതിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു.. 1967-ലെ സംസ്ഥാനത്തെ ചട്ടങ്ങളുടെയും 1960-ലെ കേന്ദ്ര റെഗുലേഷന്റെയും അടിസ്ഥാനത്തിലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. പാരിസ്ഥിതിക സന്തുലനം അട്ടിമറിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ക്വാറികളുടെ എണ്ണം കുറഞ്ഞെന്ന വാദം ശരിയല്ലെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.