തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ആയെങ്കിലും മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം ആയില്ല. മലയാള സിനിമ റിലീസ് വെള്ളിയാഴ്ച ചെയ്യുമോ എന്ന് പറയാനാകില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. ഇതുസംബന്ധിച്ച് ഫിലിം ചേംബര്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
അതേസമയം, മോഹന്‍ലാലിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സംഘടനകള്‍ വ്യക്തമാക്കി. സിനിമയുടെ നിര്‍മ്മാതവ് ആന്റണി പെരുമ്പാവൂര്‍ തീയറ്റര്‍ ഉടമകളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും സംഘടനകള്‍ അറിയിച്ചു.
ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരിന്റെ മുന്നില്‍ സിനിമാ സംഘടനകള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി സര്‍ക്കാരില്‍ നിന്നുണ്ടായില്ല. വെള്ളിയാഴ്ച തന്നെ സിനിമകള്‍ റിലീസ് ചെയ്യുമെന്ന് തീയറ്റര്‍ ഉടമകള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മലയാള സിനിമയുടെ റിലീസിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം.
ഈ വിഷയം സംയുക്ത സിനിമാ സംഘടനകളുടെ യോഗത്തില്‍ ഉന്നയിക്കുകയും അന്തിമ തീരുമാനമെടുക്കും എന്നാണ് അറിയുന്നത്.

