മിനിമം ചാര്‍ജ് 12 രൂപ: വിദ്യാര്‍ത്ഥികള്‍ക്ക് ആറ് രൂപയും; അനിശ്ചിതകാല സമരവുമായി സ്വകാര്യബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വകാര്യബസുടമകള്‍ സമരത്തിലേക്ക്. ഇന്ധനവില വര്‍ദ്ധനയ്ക്ക് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്
സ്വകാര്യബസുടമകള്‍ സമരത്തിന് ഇറങ്ങുന്നത്. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ആറ് രൂപയും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതായാണ് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് നവംബര്‍ ഒമ്പത് മുതല്‍ സര്‍വീസ് നിര്‍ത്തി സമരം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.

ചാര്‍ജ് വര്‍ദ്ധന അവസാനമായി ഉണ്ടായത് 2018 മാര്‍ച്ചിലാണ്. അന്ന് ഡീസല്‍ ലിറ്ററിന് 66 രൂപ ആയിരുന്നു വില. ഇപ്പോള്‍ ലിറ്ററിന് വില 103 രൂപയാണ്. എന്നിട്ടും ചാര്‍ജ് വര്‍ദ്ധന നടപ്പാക്കാത്തതോടെയാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം ആരംഭിക്കുന്നത്.

കെഎസ്ആര്‍ടിസിയിലും സമരം ഉടന്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശമ്പളപ്രശ്നത്തെ തുടര്‍ന്നാണ്‌ കെഎസ്ആര്‍ടിസിയിലും സമരത്തിന് തുടക്കം കുറിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉളളതിനാല്‍ കോര്‍പറേഷനില്‍ പെന്‍ഷന്‍ വിതരണവും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് പോകുന്നുവെന്ന് വ്യക്തമാകുകയാണ്‌.