മഴക്കെടുതി; സംസ്ഥാനത്തുണ്ടായത് 200 കോടി രൂപയുടെ കൃഷിനാശമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായത് 200 കോടി രൂപയുടെ കൃഷിനാശം. കൃഷിമന്ത്രി പി പ്രസാദാണ് ഇക്കാര്യം അറിയിച്ചത് കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നഷ്ടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കൃഷിനാശത്തിന്റെ പരിഹാരമായി പ്രത്യേക കാർഷിക പാക്കേജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ കൃഷിസ്ഥലങ്ങളുണ്ടെന്നും ഇവിടങ്ങളിൽ കൃത്യമായ കണക്കെടുപ്പ് സാദ്ധ്യമായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി. മഴ ശമിച്ച ശേഷം നഷ്ടമുണ്ടായ തോത് കണക്കാക്കാനും അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൽ കൂടുതലും കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ്. ഇവിടങ്ങളിൽ 20 മുതൽ മഴയുണ്ടാകുമ്പോൾ വീണ്ടും മണ്ണിടിച്ചിൽ സാദ്ധ്യതയുളളതിനാൽ ജനങ്ങളെ ഒഴിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.